
ദില്ലി: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനാവാൻ അപേക്ഷ നൽകിയവരിൽ ഫുട്ബോൾ ലോകത്തെ ഇതിഹാസ താരവും ബാഴ്സലോണയുടെ മുൻ പരിശീലകനുമായിരുന്ന ചാവി ഹെർണാണ്ടസും ഉൾപ്പെട്ടിരുന്നു. എന്നാൽ, ചാവി ഹെർണാണ്ടസിന്റെ അപേക്ഷ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) പരിഗണിച്ചില്ല. സാമ്പത്തികപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന.
സ്പാനിഷ് കോച്ച് മനോലോ മാർക്വേസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് AIFF ഇന്ത്യൻ സീനിയർ ടീമിനായി പുതിയ പരിശീലകനെ തേടാൻ തുടങ്ങിയത്. ഏകദേശം 170-ഓളം അപേക്ഷകളാണ് പരിശീലക സ്ഥാനത്തേക്ക് ലഭിച്ചത്. ഇതിലാണ് ബാഴ്സലോണയുടെ ഇതിഹാസ താരമായ സാവി ഹെർണാണ്ടസും ഉൾപ്പെട്ടത്. എന്നാൽ, സ്പാനിഷ് കോച്ചിന്റെ ഉയർന്ന പ്രതിഫലം താങ്ങാൻ കഴിയാത്തതിനാലാണ് അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിക്കാതിരുന്നതെന്ന് AIFF ന്റെ ടെക്നിക്കൽ കമ്മിറ്റി അംഗവും മുൻ ഇന്ത്യൻ താരവുമായ സുബ്രതോ പോൾ വെളിപ്പെടുത്തി.
ബാഴ്സലോണക്കായി 505 മത്സരങ്ങളിൽ കളിച്ച ചാവി, സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സ്പെയിനിനൊപ്പം ലോകകപ്പും യൂറോ കപ്പും അദ്ദേഹം നേടി. പിന്നീട് ബാഴ്സലോണയുടെ പരിശീലകനായി തിരിച്ചെത്തിയ ചാവി, ടീം വിട്ടശേഷം മറ്റ് ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. ഈ സമയത്താണ് ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ അദ്ദേഹം സ്വന്തം ഇമെയിൽ ഐഡിയിൽ നിന്ന് അപേക്ഷ നൽകിയത്.
ചാവിക്കൊപ്പം, ലിവർപൂൾ ഇതിഹാസങ്ങളായ റോബി ഫൗളർ, ഹാരി ക്യൂൾ, ബ്ലാക്ബേൺ റോവേഴ്സിന്റെ മുൻ കോച്ച് സ്റ്റീവ് കീൻ തുടങ്ങിയവരും ഇന്ത്യൻ കോച്ചാവാൻ അപേക്ഷ നൽകിയിരുന്നു. ഇവരെല്ലാവരെയും തഴഞ്ഞ്, ജാംഷഡ്പൂർ എഫ്.സി. കോച്ച് ഖാലിദ് ജമീൽ, ഇന്ത്യയുടെ മുൻ കോച്ചായിരുന്ന സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്ലോവാക്യയുടെ മുൻ കോച്ച് സ്റ്റെഫാൻ ടർകോവിച് എന്നിവരടങ്ങുന്ന ചുരുക്കപ്പട്ടികയാണ് ടെക്നിക്കൽ കമ്മിറ്റി AIFF-ന് സമർപ്പിച്ചത്. ഇവരിൽ ഒരാളായിരിക്കും ഇന്ത്യയുടെ അടുത്ത പരിശീലകൻ.