
തൃശൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ അതീവ സുരക്ഷയിൽ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. സായുധ സേനയുടെ കനത്ത അകമ്പടിയോടെയാണ് ഇയാളെ തൃശൂരിലേക്ക് കൊണ്ടുവന്നത്. രാവിലെ 7:30-ഓടെ കണ്ണൂരിൽ നിന്ന് പുറപ്പെട്ട സംഘം ഉച്ചയ്ക്ക് 12:30-ഓടെ തൃശൂരിലെത്തി.
കേരളത്തിലെ കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന അതീവ സുരക്ഷാ ജയിലായ വിയ്യൂരിലാണ് ഗോവിന്ദച്ചാമിയെ ഇപ്പോൾ തടവിലാക്കിയിരിക്കുന്നത്. 535 കുറ്റവാളികളെ പാർപ്പിക്കാനുള്ള സൗകര്യമുള്ള ഇവിടെ നിലവിൽ 300-ലധികം കൊടുംകുറ്റവാളികളുണ്ട്. റിപ്പർ ജയാനന്ദനും ചെന്താമരയും ഉൾപ്പെടെയുള്ളവർ വിയ്യൂരിലെ തടവുകാരാണ്.

ഗോവിന്ദച്ചാമിയെ താഴത്തെ നിലയിലെ GF 1 എന്ന സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇയാളെ നിരീക്ഷിക്കുന്നതിനായി ഒരു തടവുകാരനെക്കൂടി കൂടെ പാർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജയിൽ ഉദ്യോഗസ്ഥരുടെ റൂമിന് സമീപത്താണ് ഈ സെൽ. നിലവിൽ പരിശോധനകൾ നടന്നുവരികയാണ്.
കണ്ണൂർ ജയിലിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ഇയാളെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങ്ങും സിസിടിവികളും പ്രവർത്തനക്ഷമമല്ലായിരുന്നു എന്നതടക്കമുള്ള കാര്യങ്ങളിൽ പരിശോധനകൾ തുടരുകയാണ്.

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. എന്നാൽ, മതിലിൽ ഒരു തുണി കണ്ട ശേഷമാണ് ആരോ ജയിൽ ചാടിയെന്ന് മനസ്സിലായത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് തിരിച്ചറിഞ്ഞത്. ഗാർഡ് ഓഫീസർക്ക് ലഭിച്ച ആദ്യ റിപ്പോർട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായി.
ജയിൽചാട്ടത്തിൽ മാത്രമല്ല, തടവിലെ താമസത്തിലടക്കം ജയിലധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കൊടും ക്രിമിനലിന് താടി നീട്ടി വളർത്താൻ ആരാണ് അനുമതി നൽകിയതെന്ന ചോദ്യമാണ് ഉയരുന്നത്. മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ് ചെയ്യണം എന്നാണ് ചട്ടം. ഈ ചട്ടം നിലനിൽക്കുമ്പോഴും ഗോവിന്ദച്ചാമിയെപ്പോലൊരു കൊടുംകുറ്റവാളി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥർ വിലക്കാതിരുന്നത് എന്തുകൊണ്ടെന്നതിനും അധികൃതർ ഉത്തരം പറയേണ്ടി വരും.