
ചെന്നൈ: തമിഴകത്തിന്റെ സ്വന്തം സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ആരാധകർക്ക് ആവേശം പകരുന്ന വാർത്ത! ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യുടെ വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ടു. ആകാംഷയോടെ കാത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയിലർ ഓഗസ്റ്റ് 2-ന് റിലീസ് ചെയ്യും.
രജനികാന്തിനൊപ്പം ബോളിവുഡ് താരം ആമിർ ഖാനും ‘കൂലി’യിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. 1995-ൽ ദിലീപ് ശങ്കർ സംവിധാനം ചെയ്ത ഹിന്ദി ക്രൈം ത്രില്ലർ ചിത്രം ‘ആദങ്ക് ഹി ആദങ്ക്’ എന്ന ചിത്രത്തിന് ശേഷം 30 വർഷങ്ങൾക്കിപ്പുറം രജനികാന്തും ആമിർ ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ‘കൂലി’യുടെ ബജറ്റ് 350 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ മുതൽ ഡിസംബർ വരെയുള്ള റിലീസുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ IMDb പട്ടികയിൽ ‘കൂലി’ ഒന്നാം സ്ഥാനത്തും ഇടം നേടിയിട്ടുണ്ട്. ഓഗസ്റ്റ് 14-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
രജനികാന്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ‘വേട്ടയ്യൻ’ ആയിരുന്നു. അതേസമയം, ലോകേഷ് കനകരാജിന്റെ അവസാന ചിത്രം വിജയ് നായകനായ ‘ലിയോ’ ആണ്. ബോക്സ് ഓഫീസിൽ ഇൻഡസ്ട്രി ഹിറ്റായി മാറിയ ‘ലിയോ’ ആഗോളതലത്തിൽ 620 കോടി രൂപയിലധികം നേടിയിരുന്നു. ‘ലിയോ’യുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
14 വർഷങ്ങൾക്ക് ശേഷം തൃഷ വിജയ്യുടെ നായികയായി എത്തിയ ചിത്രമെന്ന പ്രത്യേകതയും ‘ലിയോ’ക്കുണ്ടായിരുന്നു. ചിത്രത്തിൽ സത്യ എന്ന കഥാപാത്രമായാണ് തൃഷ എത്തിയത്. വിജയ്, തൃഷ എന്നിവർക്ക് പുറമെ അർജുൻ, സാൻഡി മാസ്റ്റർ, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്ണൻ, ശാന്തി മായാദേവി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി തുടങ്ങി വലിയൊരു താരനിരയും ‘ലിയോ’യിൽ അണിനിരന്നിരുന്നു.