
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കെസിബിസി (കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ) അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് സ്വാതന്ത്ര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റവും മതസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന നടപടിയുമാണെന്നും രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്ന പ്രവൃത്തിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഈ വിഷയത്തിൽ സഭയ്ക്ക് വലിയ വേദനയും പ്രതിഷേധവുമുണ്ടെന്ന് കർദിനാൾ പറഞ്ഞു. നീതി നടപ്പാക്കണമെന്നും ന്യായം തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും ഉറപ്പാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് അഭ്യർത്ഥിച്ച കർദിനാൾ, ഭരണാധികാരികൾ ഈ വിഷയത്തിൽ സംസാരിക്കുകയും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും വേണമെന്ന് കൂട്ടിച്ചേർത്തു.
മറ്റ് സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യങ്ങൾ കാണുന്നുണ്ടെന്നും ഇത് ആവർത്തിക്കാതിരിക്കാൻ നടപടികളുണ്ടാകുന്നില്ലെന്നും കർദിനാൾ ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ ഇല്ലാത്ത അനുഭവങ്ങൾ മറ്റു ചില സംസ്ഥാനങ്ങളിൽ ഉണ്ടാകുന്നുണ്ടെന്നും ബിജെപിയുടെ നിലപാടുകൾ എത്രത്തോളമുണ്ടെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ നടപടി തെറ്റാണെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, “ശിവൻകുട്ടി നല്ല മനുഷ്യനല്ലേ, വിമർശനം അങ്ങനെ കണ്ടാൽ മതി” എന്നായിരുന്നു കർദിനാൾ ക്ലീമിസിന്റെ മറുപടി. ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ അരമനയിൽ നിന്നല്ല എഴുതുന്നതെന്നും രാഷ്ട്രീയക്കാരുടെ തന്ത്രങ്ങൾ തിരിച്ചറിയാൻ സഭയ്ക്ക് കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടേത് സത്യസന്ധമായ നിലപാടല്ലെന്ന് ഈ സംഭവം വ്യക്തമാക്കിയെന്നും ഇത് തിരുത്താനുള്ള അവസരമാണെന്നും മാർ ക്ലീമിസ് ഓർമ്മിപ്പിച്ചു.