
ഛത്തീസ്ഗഢിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകൾ. സംഭവത്തിൽ കത്തോലിക്കാ മെത്രാൻ സമിതി (CBCI) പത്തരയോടെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കും.
അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണെന്നും, ഇരുവരും അംഗീകൃത സ്ഥാപനങ്ങളുടെ ഭാഗമാണെന്നും സിബിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. ഒരു പ്രകോപനവുമില്ലാതെ മേഖലയിൽ കന്യാസ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവാകുകയാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ കടുത്ത അതൃപ്തിയുണ്ടെന്നും സിബിസിഐ അറിയിച്ചു. കേന്ദ്ര സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സഭാ നേതൃത്വം കൂട്ടിച്ചേർത്തു.
ബജ്രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ദുർഗിലെ റെയിൽവേ സ്റ്റേഷനിൽ വെച്ച് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ കന്യാസ്ത്രീകൾ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്. നിലവിൽ ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.