
തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം അതീവ ഗൗരവമുള്ള വിഷയമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സംഭവം എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന നേതാക്കളുമായി ചർച്ചകൾ നടക്കുകയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലോട് രവിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സംഭാഷണം അദ്ദേഹം നിഷേധിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു. സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്ന പാലോട് രവിയുടെ സംഭാഷണമാണ് കോൺഗ്രസിനെ വെട്ടിലാക്കിയത്.
ഫോൺ സംഭാഷണം പുറത്തുവന്നതിനെത്തുടർന്ന് പാലോട് രവി വിശദീകരണവുമായി രംഗത്തെത്തി. കോൺഗ്രസിൻ്റെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് അത്തരം ഒരു സന്ദേശം നൽകിയതെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങൾ അണികൾക്ക് വ്യക്തമായി മനസ്സിലായിട്ടുണ്ടെന്നും സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ പിന്നിലാകുമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനങ്ങൾക്ക് നിരന്തരമായി നൽകുന്നതാണെന്നും പാലോട് രവി കൂട്ടിച്ചേർത്തു.
പ്രാദേശിക ഘടകങ്ങളിലെ ഭിന്നത ഒഴിവാക്കുക എന്നതാണ് തൻ്റെ ലക്ഷ്യം. അതുവഴി ഒറ്റക്കെട്ടായി സിപിഎം ഭരണത്തെ താഴെയിറക്കാൻ കോൺഗ്രസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ഫോൺ സംഭാഷണത്തിലെ ഒരു ചെറിയ ഭാഗം അടർത്തിയെടുത്തതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും ഇത്തരം സന്ദേശങ്ങൾ ഫോണിലൂടെയും അല്ലാതെയും നിരന്തരമായി നൽകുന്നതാണെന്നും പാലോട് രവി ആവർത്തിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും നിയമസഭയിൽ തലകുത്തി വീഴുമെന്നും സിപിഎം വീണ്ടും ഭരണം തുടരുമെന്നും പാലോട് രവി ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നു. ഇതോടെ കോൺഗ്രസിന് അധോഗതിയായിരിക്കുമെന്നും എടുക്കാച്ചരക്കാകുമെന്നും മുസ്ലിങ്ങൾ സിപിഎമ്മിലേക്കും മറ്റുള്ളവർ ബിജെപിയിലേക്കും പോകുമെന്നും സംഭാഷണത്തിൽ പരാമർശിച്ചിരുന്നു.