
ലൂസിയുടെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി പേർ ലൂസിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ഇത്തരം കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങില്ലെന്നും അവരെ റിപ്പോർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടു.
ലണ്ടൻ വിമാനത്താവളത്തിലെ ഒരു വസ്ത്രവ്യാപാരശാലയിൽ ഹിന്ദി സംസാരിച്ച ഇന്ത്യൻ വംശജരായ ജീവനക്കാർക്കെതിരെ ബ്രിട്ടീഷ് യുവതിയുടെ പരാതി. തനിക്ക് മനസ്സിലാകാത്ത ഭാഷയിൽ സംസാരിച്ചതിൽ പ്രകോപിതയായ ലൂസി വൈറ്റ് എന്ന യുവതിയാണ് ജീവനക്കാർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ വംശീയത നിറഞ്ഞ പ്രതികരണങ്ങൾ ലൂസിയുടെ ഭാഗത്തുനിന്നുണ്ടായതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.
ലണ്ടൻ എയർപോർട്ടിനുള്ളിലെ മാർക്സ് ആൻഡ് സ്പെൻസർ എന്ന വസ്ത്രവ്യാപാര ശാലയിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു ലൂസി. കടയിലെ ഇന്ത്യൻ വംശജരായ തൊഴിലാളികൾ പരസ്പരം ഹിന്ദിയിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ലൂസി, അവർ ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു. ‘ഹിന്ദി’ എന്ന് ജീവനക്കാർ മറുപടി നൽകിയതോടെ പ്രകോപിതയായ ലൂസി, സ്ഥാപനത്തിലെ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
തന്റെ എക്സ് (മുൻപ് ട്വിറ്റർ) പോസ്റ്റിലൂടെയാണ് ലൂസി ഈ സംഭവം വെളിപ്പെടുത്തിയത്. “മനസ്സിലാകാത്ത ഒരു ഭാഷയിലാണ് അവർ പരസ്പരം സംസാരിച്ചത്. ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ പാടില്ല,” പരാതി നൽകിയ ശേഷം ലൂസി എക്സിൽ കുറിച്ചു. കൂടാതെ, തന്റെ പക്കൽ വോയിസ് റെക്കോർഡിംഗുകൾ ഉണ്ടെന്നും ഇവരെ “എല്ലായ്പ്പോഴും നേരിടേണ്ടിവരുമെന്നുമുള്ള” വംശീയപരമായ പരാമർശവും ലൂസി നടത്തി.
ലൂസിയുടെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി പേർ ലൂസിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ഇത്തരം കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങില്ലെന്നും അവരെ റിപ്പോർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടു.
എന്നാൽ, ലൂസിയുടെ വംശീയ മനോഭാവത്തെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി. ലൂസി ഒരു വംശീയവാദിയാണെന്നും ഇത് ശരിയായ രീതിയല്ലെന്നും അവർ വിമർശിച്ചു. ഭാഷാപരമായ വൈവിധ്യങ്ങളെ അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ സംഭവം വഴിയൊരുക്കിയിട്ടുണ്ട്.