
ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി സൈന്യം. ‘ഓപ്പറേഷൻ മഹാദേവ്’ എന്ന പേരിൽ ദാര മേഖലയിൽ നടത്തിയ തിരച്ചിലിനൊടുവിൽ മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത രണ്ട് ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക സൂചന.
ശ്രീനഗറിലെ ദാര മേഖലയിൽ ഭീകരർക്കായി വ്യാപകമായ തിരച്ചിൽ നടക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ സേനയും പോലീസും സംയുക്തമായി നടത്തിയ നീക്കമാണ് നിർണായകമായത്. ഭീകരർക്കെതിരെ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതായി സേന ഔദ്യോഗികമായി അറിയിച്ചു.
കൂടാതെ, ജമ്മു കശ്മീരിലെ ലിഡ്വാസിൽ തിങ്കളാഴ്ച തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ മറ്റൊരു ഏറ്റുമുട്ടലുണ്ടായതായി ചിനാർ പോലീസ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ അറിയിച്ചു. ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്താണ് ഈ ഏറ്റുമുട്ടൽ നടന്നത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ഹർവാനിലെ മുൾനാർ പ്രദേശത്ത് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നതിനിടെ ദൂരെ നിന്ന് വെടിയൊച്ചകൾ കേൾക്കുകയായിരുന്നു.
പ്രദേശത്തേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്നും തീവ്രവാദികളെ കണ്ടെത്തുന്നതിനായുള്ള കോമ്പിംഗ് പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി. വധിക്കപ്പെട്ട ഭീകരർ മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നവരാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ സൈന്യം ഊർജ്ജിതമാക്കിയിരിക്കുകയാണ്.