
റായ്പുർ: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ക്ഷുഭിതനായി. കന്യാസ്ത്രീകളുടെ മോചനത്തിൽ ബിജെപിക്ക് എങ്ങനെ ക്രെഡിറ്റ് എടുക്കാൻ സാധിക്കുമെന്ന ചോദ്യത്തോടാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും ബിജെപി സർക്കാരാണെന്നും, അതിനാൽ ജാമ്യത്തിൽ ബിജെപിക്ക് എങ്ങനെ ക്രെഡിറ്റ് ഏറ്റെടുക്കാനാകുമെന്നുമായിരുന്നു റിപ്പോർട്ടർ ടി.വി.യുടെ ഡൽഹി റിപ്പോർട്ടർ ആദിൽ പാലോട് ചോദിച്ചത്. ഇതിന് തങ്ങൾ ക്രെഡിറ്റ് ഏറ്റെടുത്തിട്ടില്ലെന്നും മാധ്യമങ്ങൾ വിവാദമുണ്ടാക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ മറുപടി നൽകി. പിന്നീട് തനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം ക്ഷുഭിതനായി മടങ്ങി.
കന്യാസ്ത്രീകളുടെ മോചനത്തിൽ ബിജെപിയുടെ ഇടപെടലുകളാണ് നിർണ്ണായകമായതെന്ന് ബിജെപി നേതാവ് അനൂപ് ആന്റണി പരസ്യമായി പ്രതികരിച്ചതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ തങ്ങൾ ക്രെഡിറ്റ് ഏറ്റെടുത്തില്ലെന്ന് പറഞ്ഞത്. കന്യാസ്ത്രീകളുടെ മോചനത്തിൽ ജുഡീഷ്യറിക്കും ഛത്തീസ്ഗഡ് സർക്കാരിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളെ സഹായിക്കണമെന്ന് സഭ ആവശ്യപ്പെട്ടപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ട് ഛത്തീസ്ഗഡ് സർക്കാർ ജാമ്യം എതിർക്കില്ലെന്ന് ഉറപ്പുനൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് കര്ശന വ്യവസ്ഥകളോടെ ബിലാസ്പുർ എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എൻഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, രണ്ടാഴ്ചയിലൊരിക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണം തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകൾ. 50,000 രൂപയുടെ രണ്ട് ആൾജാമ്യവും കോടതി നിർദ്ദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിനെത്തുടർന്ന് വൈകുന്നേരം 3.40-ഓടെ കന്യാസ്ത്രീകൾ ജയിലിൽ നിന്ന് പുറത്തിറങ്ങി.