
കർണാടക: ധർമസ്ഥല വെളിപ്പെടുത്തൽ കേസിലെ സാക്ഷിയായ മുൻ ശുചീകരണത്തൊഴിലാളിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി അഭിഭാഷകർ രംഗത്ത്. എസ്ഐടിയിലെ ഉദ്യോഗസ്ഥനായ മഞ്ജുനാഥ് ഗൗഡ മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സാക്ഷിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ചിത്രീകരിച്ചതായാണ് അഭിഭാഷകർ ആരോപിക്കുന്നത്. ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ എസ്ഐടി തലവനും ആഭ്യന്തരവകുപ്പിനും കത്ത് നൽകി.
ഉത്തര കന്നഡയിലെ സിർസി റൂറൽ ഇൻസ്പെക്ടർ മഞ്ജുനാഥ് ഗൗഡയ്ക്കെതിരെയാണ് ഗുരുതരമായ ആരോപണം. കഴിഞ്ഞ ദിവസം രാത്രി ഏഴും എട്ടും പോയിന്റുകളിലെ തെളിവെടുപ്പിന് ശേഷം എസ്ഐടി ഓഫീസിൽവെച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. ബാഹ്യസമ്മർദ്ദം കാരണമാണ് പരാതി നൽകിയതെന്നും താൻ നൽകിയത് വ്യാജപരാതിയാണെന്നും സാക്ഷിയെക്കൊണ്ട് പറയിച്ച് മൊബൈലിൽ വീഡിയോ പകർത്തിയെന്നാണ് അഭിഭാഷകർ നൽകിയ പരാതിയിൽ പറയുന്നത്.
പരാതി ലഭിച്ചെന്ന് എസ്ഐടി വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു. അന്വേഷണസംഘത്തിൽ ചിലർക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നത് കേസിൽ നിർണ്ണായകമാണ്. അതേസമയം, ഒൻപതാമത്തെ പോയിന്റ് മുതലുള്ള തെളിവെടുപ്പ് ഇന്നും തുടരുകയാണ്. മൂന്നാം ദിവസം കണ്ടെടുത്ത അസ്ഥിഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി ബെംഗളൂരുവിലെ എഫ്എസ്എൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.