
പാലക്കാട്: സെന്റ് ഡൊമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ ആത്മഹത്യയിൽ മുൻ പ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തു. മുൻ പ്രിൻസിപ്പൽ ജോയ്സി, അധ്യാപികമാരായ സ്റ്റെല്ല ബാബു, അർച്ചന എന്നിവർക്കെതിരെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. കോടതിയുടെ അനുമതിയോടെയാണ് പോലീസ് നടപടി.
കഴിഞ്ഞ ജൂൺ 23-നാണ് ആശിർനന്ദയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്ക് കുറവാണെന്ന് ആരോപിച്ച് കുട്ടിയെ ക്ലാസ്സിൽ മാറ്റിയിരുത്തിയെന്നും, ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് രക്ഷിതാക്കളുടെ പരാതി. ഇതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പ്രതിഷേധങ്ങൾ ശക്തമായതോടെ പ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സ്കൂൾ അധികൃതർ പുറത്താക്കിയിരുന്നു.
വൈകുന്നേരം സ്കൂളിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ആശിർനന്ദ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ സ്കൂളിനെതിരെ കുടുംബം രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.