
ബിഗ് ബോസ് താരങ്ങളായ റോബിൻ രാധാകൃഷ്ണനും റിയാസ് സലീമും വീണ്ടും വാക്ക്പോരിൽ. ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർത്ഥിയായ വേദ് ലക്ഷ്മിക്കെതിരെ റിയാസ് നടത്തിയ പരാമർശങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ‘പറയുന്നത് പ്രവർത്തിയിലും ഉണ്ടായിരിക്കണം’ എന്ന് റിയാസിനെ വിമർശിച്ച് റോബിൻ പറഞ്ഞു.
റോബിൻ്റെ വിമർശനം
ബിഗ് ബോസ് വീട്ടിലെ സഹമത്സരാർത്ഥികളായ ആദില, നൂറ എന്നിവർക്കെതിരെ വേദ് ലക്ഷ്മി നടത്തിയ പരാമർശങ്ങളിൽ റിയാസ് സലീം ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചിരുന്നു. എന്നാൽ ലക്ഷ്മിയുടെ കുട്ടിയെ ഈ വിഷയത്തിലേക്ക് റിയാസ് വലിച്ചിഴച്ചതാണ് റോബിനെ ചൊടിപ്പിച്ചത്. “ആദിലയെയും നൂറയെയും വേദ് ലക്ഷ്മി അപമാനിച്ച വിഷയത്തിൽ റിയാസ് സലീം ഒരു സ്റ്റോറി ഇട്ടിട്ടുണ്ടായിരുന്നു. അതിൽ വീട്ടിലുള്ള കുട്ടിയെ ഒക്കെ പറയുന്നത് തെറ്റാണ്. നമ്മൾ തെറ്റ് ചെയ്താൽ അതിന് നമ്മളെ വിമർശിക്കാം. പക്ഷേ വീട്ടുകാരെയും കുട്ടിയെയും പറയുന്നത് തികച്ചും തെറ്റായ കാര്യമായി തോന്നി,” റോബിൻ പറഞ്ഞു.
‘ഫേക്ക് ഫെമിനിസ്റ്റ്’ പരാമർശം
സ്വയം ഒരു ഫെമിനിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന റിയാസ് ഇത്തരത്തിൽ പ്രതികരിക്കുന്നത് ശരിയായില്ലെന്നും റോബിൻ ചൂണ്ടിക്കാട്ടി. “റിയാസ് ഒരു ഫെമിനിസ്റ്റ് ആയിട്ടാണ് നിൽക്കുന്നത്. പക്ഷേ, ഇങ്ങനെയൊക്കെ ചെയ്യുമ്പോഴാണ് റിയാസിനെ പലരും ഒരു ‘ഫേക്ക് ഫെമിനിസ്റ്റ്’ ആയി കാണുന്നത്. ഫെമിനിസ്റ്റ് ആണെന്ന് പറയുന്ന ഒരാളിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചില്ല. അത് ശ്രദ്ധിച്ചാൽ നല്ലതാണ്,” റോബിൻ കൂട്ടിച്ചേർത്തു.
സ്വന്തം അനുഭവം പങ്കുവെച്ച് റോബിൻ
തൻ്റെ വിവാഹ നിശ്ചയ സമയത്ത്, തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണം ഭാര്യയായ ആരതി പൊടിയെ ചിലർ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചിരുന്നുവെന്നും അത് തികച്ചും അനാവശ്യമായിരുന്നെന്നും റോബിൻ ഓർമ്മിപ്പിച്ചു. “പറയുന്നത് പ്രവർത്തിയിലും ഉണ്ടായിരിക്കണം. നല്ല കാഴ്ചപ്പാടും ഒരുപാട് കാര്യങ്ങളിൽ അറിവുമുള്ള ആളാണ് റിയാസ് സലീം. ഇങ്ങനെയുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും. ലക്ഷ്മിയുടെ വിഷയത്തിലും റിയാസ് ചെയ്തത് തെറ്റ് തന്നെയാണ്,” റോബിൻ പറഞ്ഞു.
“ആ കുട്ടിയെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചതിന് ഒരു ക്ഷമാപണം നടത്തി സ്റ്റോറി ഇട്ടാൽ നമ്മളൊക്കെ റിയാസിനെ കൂടുതൽ ബഹുമാനിക്കും,” ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കവെ റോബിൻ വ്യക്തമാക്കി.