
ഐഫോൺ 17, ഐഫോൺ 17 പ്രോ, പ്രോ മാക്സ്, ഐഫോൺ എയർ തുടങ്ങിയ പുതിയ മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയത്. 82,900 രൂപ മുതൽ 2.3 ലക്ഷം രൂപ വരെയാണ് പുതിയ ഐഫോണുകളുടെ വില.
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള ആപ്പിൾ സ്റ്റോറിൽ പുതിയ ഐഫോൺ 17-ൻ്റെ വിൽപനക്കിടെ ഉപഭോക്താക്കൾ തമ്മിൽ കയ്യാങ്കളി. ഐഫോൺ വാങ്ങാനെത്തിയ ആളുകൾ തമ്മിൽ തിക്കിലും തിരക്കിലും പെട്ട് ഏറ്റുമുട്ടുകയായിരുന്നു. സംഭവം കാണിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ പി.ടി.ഐ. പുറത്തുവിട്ടു.
സംഭവം ഇങ്ങനെ:
വീഡിയോയിൽ ആപ്പിൾ സ്റ്റോറിന് പുറത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും പരസ്പരം തല്ലുന്നതും കാണാം. തിരക്കിനിടെ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തേക്ക് വലിച്ചുമാറ്റാൻ ശ്രമിക്കുന്നതും അയാൾ അവരെ തിരികെ ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ ബഹളത്തിനിടയിൽ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥൻ ലാത്തിയുമായി നിൽക്കുന്നതും കാണാം.
കൂട്ടത്തിൽ നിന്നും ഒരാളെ ആയുധധാരിയായ സുരക്ഷാ ഉദ്യോഗസ്ഥൻ ബലമായി പിടിച്ചുമാറ്റി മാറ്റുന്നതും വീഡിയോയിലുണ്ട്. ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലെ ആപ്പിൾ സ്റ്റോറുകളിലും സമാനമായ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ഉപഭോക്താക്കളുടെ പ്രതികരണം:
അഹമ്മദാബാദിൽ നിന്ന് ഐഫോൺ വാങ്ങാൻ എത്തിയ മോഹൻ യാദവ് എന്ന ഉപഭോക്താവ് പറഞ്ഞത്, സുരക്ഷാ ക്രമീകരണങ്ങളുടെ കുറവാണ് ഈ സംഘർഷത്തിന് കാരണമെന്നാണ്. പുലർച്ചെ 5 മണി മുതൽ താൻ ക്യൂവിൽ നിൽക്കുകയാണെന്നും എന്നാൽ പലരും ലൈൻ തെറ്റിച്ച് മുന്നോട്ട് കയറാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.