
പുരോഗമനപരമായ ചിന്തകളെക്കുറിച്ചും അത് എവിടെ നിന്ന് തുടങ്ങണം എന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമായിരിക്കെ, നടി റോഷ്നി വാലിയയുടെ കുടുംബം ഈ വിഷയത്തിൽ വേറിട്ടൊരു മാതൃകയാവുകയാണ്. റോഷ്നി വാലിയയ്ക്ക് അമ്മ നൽകിയ ഒരുപദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നു.
സീരിയലുകളിലൂടെ ശ്രദ്ധ നേടിയ റോഷ്നി വാലിയ, റിലീസിനൊരുങ്ങുന്ന ഹിന്ദി ചിത്രം ‘സൺ ഓഫ് സർദാർ 2’ ലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്. ഉത്തർപ്രദേശ് സ്വദേശിനിയായ റോഷ്നി നിലവിൽ മുംബൈയിലാണ് താമസിക്കുന്നത്. 23 വയസുകാരിയായ റോഷ്നി, സ്വീറ്റി വാലിയയുടെ ഇളയ മകളാണ്. ഏഴാം വയസ്സിൽ 7000 രൂപ പ്രതിഫലത്തിൽ പരസ്യചിത്രങ്ങളിലൂടെ അഭിനയം ആരംഭിച്ച റോഷ്നി, 2012-ൽ ലൈഫ് ഓക്കേ എന്ന പരമ്പരയിലൂടെ ടി.വി. അരങ്ങേറ്റം കുറിച്ചു. ഈ ചെറിയ പ്രായത്തിനുള്ളിൽ ആറ് സിനിമകളിൽ അഭിനയിക്കുകയും സിനിമ, സീരിയൽ, മ്യൂസിക് വീഡിയോ തുടങ്ങിയ മേഖലകളിൽ സജീവമാകുകയും ചെയ്തു. 2014-ൽ ഇന്ത്യൻ ടെലി അവാർഡ്സിൽ മികച്ച ബാലതാരമായും റോഷ്നി തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ‘ദി മെയിൽ ഫെമിനിസ്റ്റ് പോഡ്കാസ്റ്റിന്’ നൽകിയ അഭിമുഖത്തിലെ റോഷ്നിയുടെ ചില പരാമർശങ്ങൾ ഇപ്പോൾ ദേശീയ തലത്തിൽ ചർച്ചയാവുകയും വിമർശനം നേരിടുകയും ചെയ്യുന്നുണ്ട്. വിവാഹമോചിതരായ മാതാപിതാക്കളുടെ മകളായതുകൊണ്ട് തന്റെ ജീവിതം വ്യത്യസ്തമായിരുന്നുവെന്ന് റോഷ്നി പറയുന്നു. ആദ്യ ആർത്തവം മുതൽ തന്റെ വൈകാരിക തലങ്ങളെക്കുറിച്ച് അവർ തുറന്നു സംസാരിച്ചു. സ്വതന്ത്രയും ധീരയുമായ അമ്മയുടെ തണലിൽ ആത്മവിശ്വാസമുള്ള യുവതിയായി വളരാൻ സാധിച്ചു എന്നും റോഷ്നി കൂട്ടിച്ചേർത്തു.
പുതുതലമുറയിൽ മക്കളെ വളർത്തുന്ന രീതിയെക്കുറിച്ചാണ് റോഷ്നി ഇവിടെ സംസാരിച്ചത്. “എപ്പോൾ പുറത്തുപോയാലും കയ്യിൽ ഗർഭനിരോധന ഉറകൾ കരുതാൻ അമ്മ എന്നോട് പറയാറുണ്ട്,” റോഷ്നി വാലിയയുടെ ഈ വാക്കുകളാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. പാർട്ടികളിൽ പങ്കെടുക്കാനും മദ്യം കഴിക്കാനും ജീവിതം പൂർണ്ണമായി ആസ്വദിക്കാനും അമ്മ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും, എന്നാൽ എല്ലാം ഉത്തരവാദിത്തത്തോടു കൂടി മാത്രമേ ആകാവൂ എന്നും അവർ ഓർമ്മിപ്പിക്കാറുണ്ടെന്നും റോഷ്നി വ്യക്തമാക്കി.

ഈ ബോൾഡ് ആയ വെളിപ്പെടുത്തൽ ഒരു വിഭാഗത്തിന് ദഹിക്കാതെ പോയെങ്കിലും, ഇത് കൃത്യമായ ലൈംഗിക വിദ്യാഭ്യാസവും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു. ഈ പ്രായത്തിൽ താൻ ഈ നിലയിലെത്താൻ കാരണം അമ്മയാണെന്ന് റോഷ്നി പറയുന്നു. തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് അമ്മ സ്വന്തം നാടുപേക്ഷിച്ച് മുംബൈയിലേക്ക് വന്നത്. അമ്മ സഹിച്ച ത്യാഗങ്ങളാണ് താൻ ഈ നിലയിലെത്താൻ കാരണമെന്നും റോഷ്നി വിശ്വസിക്കുന്നു. കുട്ടിക്കാലം മുതലേ മുതിർന്നവരോടൊപ്പം ജോലി ചെയ്തത് ഈ മേഖലയിലെ ‘പൊളിറ്റിക്സ്’ വേഗത്തിൽ മനസ്സിലാക്കാൻ സഹായിച്ചുവെന്നും, അത് വളരെ സവിശേഷമായ ഒരനുഭവമാണ് എന്നും റോഷ്നി കൂട്ടിച്ചേർത്തു.