
തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രതിമാസ ഇൻസെന്റീവ് 3500 രൂപയായി ഉയർത്തിക്കൊണ്ട് കേന്ദ്രസർക്കാർ തങ്ങളുടെ വാക്ക് പാലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ ആശാ വർക്കർമാർക്ക് പ്രതിമാസം 7,000 രൂപയാണ് ഇൻസെന്റീവായി ലഭിക്കുന്നതെങ്കിൽ, ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ ഇത് 10,000 രൂപയാണെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് ലോക്സഭയെ അറിയിച്ചതനുസരിച്ച്, കേന്ദ്രസർക്കാർ ആശാ വർക്കർമാർക്ക് നൽകുന്ന പ്രതിമാസ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയായി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ തന്നെ ഈ തീരുമാനം എടുത്തിരുന്നതായും കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ, കേരളത്തിൽ നാളുകളായി തുടരുന്ന ആശാ വർക്കർമാരുടെ സമരം സംസ്ഥാന വിഹിതം വർധിപ്പിക്കണം എന്ന ആവശ്യത്തിന്മേലാണ്. നാഷണൽ പ്രോഗ്രാം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും മറ്റ് അവലോകന യോഗങ്ങളിലെയും ചർച്ചകളിൽ ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും, ആരോഗ്യമേഖലയിലെ ഭരണപരവും മാനവ വിഭവശേഷി സംബന്ധവുമായ വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് അതാത് സംസ്ഥാന സർക്കാരുകളാണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്.
ആശാ വർക്കർമാർക്ക് കേന്ദ്രം നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ:
കേന്ദ്രസർക്കാരിനെക്കൊണ്ട് കഴിയുന്ന എല്ലാ ആനുകൂല്യങ്ങളും ആശാ വർക്കർമാർക്ക് വേണ്ടി ചെയ്യുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആശാ വർക്കർമാരെ ആരോഗ്യമേഖലയിലെ മുൻനിര പോരാളികളായാണ് കേന്ദ്രം പരിഗണിക്കുന്നത്. ഓരോ പദ്ധതിയുടെയും മുൻഗണനയും ആവശ്യവും പരിഗണിച്ച് ആശാ വർക്കർമാരുടെ ഇൻസെന്റീവിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഇതിനായി കേന്ദ്രസർക്കാർ സാങ്കേതികമായും സാമ്പത്തികമായും സഹായം ചെയ്യുന്നുണ്ട്.
കൂടാതെ, ആശാ വർക്കർമാർക്കായി നിരവധി ഇൻഷുറൻസ്, പെൻഷൻ പദ്ധതികളും കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുണ്ട്:
- പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന: 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ.
- പ്രധാൻമന്ത്രി സുരക്ഷാ ബീമാ യോജന: അപകടത്തിൽ മരണപ്പെടുന്നവർക്ക് 2 ലക്ഷം രൂപയും അംഗവൈകല്യം സംഭവിക്കുന്നവർക്ക് 1 ലക്ഷം രൂപയും ഇൻഷുറൻസ് പരിരക്ഷ.
- പ്രധാൻമന്ത്രി ശ്രാം യോഗി മാൻധൻ പദ്ധതി: പ്രതിമാസം 3000 രൂപയുടെ പെൻഷൻ.
- പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന: ആശാ വർക്കർമാർക്കും ആശ്രിതർക്കുമായി 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്.
ഇനിയെങ്കിലും ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കാതെ ആശാ വർക്കർമാർക്ക് അർഹമായ ആനുകൂല്യം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെടുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.