
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ, സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലി എളവൂർ ഇടവകയിലുള്ള വീട്ടിൽ മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും സന്ദർശനം നടത്തി. ഈ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. നടന്നത് ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും കുടുംബത്തിനുണ്ടെന്നും, നിയമപരമായ എല്ലാ വഴികളും തേടാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി രാജീവ് വ്യക്തമാക്കി. മൗലികാവകാശത്തിന് നേരെയുള്ള കടന്നുകയറ്റമെന്നാണ് സംഭവത്തെ മന്ത്രി റോഷി അഗസ്റ്റിൻ വിശേഷിപ്പിച്ചത്. ഇത് ക്രിസ്ത്യൻ വിഭാഗവുമായി മാത്രം ബന്ധപ്പെട്ട ഒരു പ്രശ്നമായി കാണാനാകില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേസമയം, സംഭവത്തിൽ കണ്ണൂർ സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരൻ ജിൻസ് ആശങ്ക രേഖപ്പെടുത്തി. പെൺകുട്ടികളെ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും മൊഴി മാറ്റിച്ചതായും, കള്ളക്കേസ് ബലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മതപരിവർത്തന ആരോപണം കള്ളക്കഥയാണെന്നും, കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ ക്രിസ്ത്യൻ മതത്തിൽപ്പെട്ടവർ തന്നെയാണെന്നും ജിൻസ് പറഞ്ഞു. അങ്ങനെയാണെങ്കിൽ പിന്നെന്തിനാണ് അവരെ മതപരിവർത്തനം നടത്തേണ്ടതെന്നും കുടുംബം ചോദിക്കുന്നു.