
കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഗോതീശ്വരം സ്വദേശി ഷിംനയുടെ (31) മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഷിംനയെ ഭർത്താവ് നിരന്തരം മർദിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മദ്യപിച്ച് ഷിംനയെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നും ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും ഷിംനയുടെ അമ്മാവൻ രാജു മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഈ ബന്ധം ഉപേക്ഷിക്കാൻ പലതവണ ഷിംനയോട് ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കൾ അറിയിച്ചു. മുൻപ് മർദനമുണ്ടായപ്പോൾ പോലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഷിംന അതിന് തയ്യാറായില്ല. ഭർത്താവിൻ്റെ ഉപദ്രവം സഹിക്കാതെ ഷിംന മുൻപും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും, അന്ന് കുറച്ചുദിവസം സ്വന്തം വീട്ടിൽ വന്ന് നിന്നതിന് ശേഷം ഷിംന തന്നെ ഭർത്താവുമായി സംസാരിച്ച് ഭർതൃവീട്ടിലേക്ക് തിരികെ പോവുകയായിരുന്നുവെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി കിടപ്പുമുറിയിലാണ് ഷിംനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.