
കൊച്ചി: മലപ്പുറത്ത് വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഈഴവ സമുദായം വിവേചനം നേരിടുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്ഥാപനങ്ങൾ കൂടുതലുള്ളത് മുസ്ലീം സമുദായത്തിനാണെന്നും, ഈഴവ സമുദായത്തിന് എന്തെങ്കിലും ലഭിക്കണമെന്ന് താൻ പറഞ്ഞപ്പോൾ ചിലർ കൊടുവാളുമായി ഇറങ്ങുകയാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. “നമുക്ക് ഒരു സ്കൂൾ പോലും തന്നിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. താൻ മുസ്ലീം വിരുദ്ധനല്ലെന്നും, എസ്എൻഡിപി യോഗത്തിന്റെ മുഴുവൻ കേസുകളും നടത്തുന്നത് കൊല്ലത്തെ നിസാർ എന്നയാളാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അതിരൂക്ഷമായ അധിക്ഷേപ പരാമർശങ്ങളാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയത്. “കേരളം കണ്ടതിൽവെച്ച് ഏറ്റവും പരമപന്നനാണ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മാന്യതയും മര്യാദയും കൊടുത്ത് സംസാരിക്കുന്നുണ്ടോ?” അദ്ദേഹം ചോദിച്ചു.
കൂടാതെ, വി ഡി സതീശൻ ഈഴവ വിരോധിയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഈഴവനായ കെ സുധാകരനെ ഒതുക്കിയത് സതീശനാണെന്നും, മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം സ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.